കിരൺ കുമാറിന് കൊറോണ സ്ഥിരീകരിച്ചു; വിസ്‌മയയുടെ വീട്ടിലെ തെളിവെടുപ്പ് മാറ്റിവച്ചു

June 30, 2021
213
Views

കൊല്ലം: വിസ്‌മയ കേസിലെ പ്രതി കിരൺകുമാറിന് കൊറോണ സ്ഥിരീകരിച്ചു. തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട കിരൺകുമാറിൻറെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ നിലമേലിലെ വിസ്‌മയയുടെ വീട്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.

വിസ്‌മയ കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ കിരണിന് കൊറോണ സ്ഥിരീകരിച്ചത് അന്വേഷണസംഘത്തിനെ കുഴപ്പിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്.

കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്‌മയ തൂങ്ങിമരിച്ച വീട്ടിലും കിരൺകുമാറിനെ എത്തിച്ച്‌ തെളിവെടുത്തിരുന്നു. വിസ്‌മയ തൂങ്ങിമരിച്ച ശുചിമുറിയിൽ കിരൺകുമാറിൻറെ സാന്നിദ്ധ്യത്തിൽ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പോരുവഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്‌മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവനും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *