കാളിദാസിന് വിസ്മയ എഴുതിയ പ്രണയലേഖനം, മറുപടി കേള്‍ക്കാന്‍ അവളില്ല

June 23, 2021
206
Views

കൊല്ലം: ഓര്‍മ്മകളിലേക്ക് വിസ്മയ എന്ന പെണ്‍കുട്ടി മാഞ്ഞുപോകുമ്ബോഴും അവളെഴുതിയ ആ പ്രണയലേഖനം കേരളം മുഴുവന്‍ വായിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനം എഴുതുന്നത്. കത്ത് കാളിദാസിന്റെ അടുത്തെത്തുന്നതും, ഇഷ്ടതാരത്തിന്റെ ഫോണ്‍വിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അവസാനം ആ കത്ത് കാളിദാസിന്റെ അടുത്ത് എത്തുക തന്നെ ചെയ്തു. പക്ഷേ അതു കാണാനോ, അയാള്‍ക്ക് തരാനുള്ള മറുപടികള്‍ വായിക്കാനോ അവളുണ്ടായില്ല.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!’- എന്നാണ് കത്തിന് മറുപടിയായി താരം കുറിച്ചത്.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് അവളെഴുതിയ ഒരു കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും ഫേസ്ബുക്കില്‍ എഴുതിയത്. അത് വൈറലാവുകയും കത്ത് കാളിദാസിന്റെ അടുത്തെത്തികയുമായിരുന്നു.

അരുണിമയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റൈന്‍സ് ഡേ കോളജില്‍ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം. ഒരു തമാശയ്ക്ക്. അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്. എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയര്‍ ചെയ്യാന്‍ പറയ്, അങ്ങനെ എല്ലാരും ഷെയര്‍ ചെയുന്നു, പോസ്റ്റ് വൈറല്‍ ആവുന്നു, കാളി ഇത് കാണുന്നു, എന്നെ കോള്‍ ചെയുന്നു, ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു, അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍. അന്ന് ഞാനാ ലവ് ലൈറ്റര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയര്‍ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയര്‍ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവള്‍ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുവാ. അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ. അവള്‍ ആഗ്രഹിച്ച പോലെ വൈറല്‍ ആയി. കഴിഞ്ഞ 6 വര്‍ഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം.’

അതേസമയം, വേദനയോടെയാണ് കാളിദാസ് ജയറാം വിസ്മയയുടെ വിയോ​ഗ വാര്‍ത്തയെക്കുറിച്ച്‌ എഴുതിയത്. വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്നും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെണ്‍ക്കുട്ടികളെ ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

Article Tags:
·
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *