ന്യൂഡെൽഹി: ഇന്ത്യയിൽ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നിർത്തിവെച്ചതായി വാട്‌സാപ്പ് അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്‌ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചതാണെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഡൽഹി ഹൈക്കോടതിയിലായിരുന്നു വാട്‌സാപ്പിന്റെ വിശദീകരണം. സ്വകാര്യതാ നയം അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുകയില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്‌സാപ്പ് കോടതിയിൽ വ്യക്തമാക്കി.
സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ പ്രഖ്യാപിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു വാട്‌സാപ്പിന്റെ പുതിയ വിശദീകരണം. കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്സ്‌ആപ്പും ഫെയ്സ്ബുക്കും വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയായിരുന്നു വാട്‌സാപ്പിന് വേണ്ടി ഹാജരായത്. നയം നടപ്പിലാക്കുന്നത് ഇപ്പോൾ മരപ്പിക്കുകയാണെങ്കിലും നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടർന്നും ഉപയോക്താക്കൾക്ക് അയക്കുമെന്നും ഹരീഷ് സാൽവ കോടതിയെ അറിയിച്ചു. മുകുൾ റോത്തഗിയായിരുന്നു ഫെയ്‌സബുക്കിന് വേണ്ടി ഹാജരായത്. അദ്ദേഹവും ഹരീഷ് സാൽവ ഉയർത്തിയ അതേ വാദമായിരുന്നു കോടതിയിൽ നടത്തിയത്.