കേരളത്തിൽ ഭാര്യമാരെ കൈമാറുന്ന സംഘം സജീവം:പ്രവർത്തനം ടെലഗ്രാം ഗ്രൂപ്പുകൾ വഴി

January 9, 2022
271
Views

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുവഴിയാണ് സംഘത്തിന്റെ പ്രവർത്തനം. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരുടെ സംഘത്തിലുള്ളത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങുന്നത്.

കോട്ടയം ജില്ലയിലെ കുറുകച്ചാലിൽ നിന്നുമാണ് സംഘത്തിലുൾപ്പെട്ടെവരെ പോലീസ് പിടികൂടുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. പിന്നിൽ വൻ സംഘമാണുള്ളതെന്നും കൂടുതൽ പേരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.

ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 25 ഓളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *