കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനെയും കാമുകിയെയും പൊലീസ് തമിഴ്‌നാട് മധുരയിൽനിന്ന് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കൽ സ്വദേശി ഐശ്വര്യ(28) ഇവരുടെ സഹോദരിയുടെ ഭർത്താവായ സൻജിത്ത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ വിവാഹിതനായ സൻജിത്ത് രണ്ട് കുട്ടികളെയും ഐശ്വര്യ തന്റെ ഒരു കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്.
കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിലെ കൊട്ടാരക്കര സബ് ജയിലിലും റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജൂൺ 22ാം തീയതിയാണ് ഇരുവരെയും കാണാതാകുന്നത്. കൊല്ലം വിഷ്ണുകാവിലെ ഭർത്താവിന്റെ ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞാണ് ഐശ്വര്യ ഇറങ്ങിയത്. ഇവിടെ നിന്ന് സഹോദരിയുടെ ഭർത്താവും കാമുകനുമായ സൻജിത്തുമായി ഒളിച്ചോടി. ഭാര്യയെ കാണാതായതോടെ ഐശ്വര്യയുടെ ഭർത്താവ് ഇരവിപുരം പൊലീസിൽ പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ മധുരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. റെയിൽവേ പൊലീസ് ഇരുവരുടെയും ഫോട്ടോ അയച്ചുകൊടുത്ത് സ്ഥിരീകരിച്ചു. പിന്നീട് കൊല്ലം വെസ്റ്റ് പൊലീസ് മധുരയിലെത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.