ചാരുംമൂട് ∙ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുല്‍ ഭവനത്തില്‍ രാമകൃഷ്ണന്‍ – അമ്ബിളി ദമ്ബതികളുടെ മകള്‍ അഞ്‌ജുവാണ് (19) മരിച്ചത്. ഭര്‍ത്താവ് കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതില്‍ ഉമേഷിന്റെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ജോലിക്കു പോയിരുന്ന ഉമേഷ് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി അഞ്ജുവിനെ വിളിച്ചിട്ടും വിളികേട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് താമരക്കുളത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.