പെരുമഴയത്ത് താമസം സിറ്റൗട്ടില്‍, യുവതിയെയും മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും ഇറക്കി വിട്ട് ഭര്‍ത്താവ്

July 14, 2021
355
Views

പാലക്കാട് : ഭര്‍ത്താവു വീട്ടില്‍ കയറ്റാത്തതിനാല്‍ യുവതിയും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നത് വീടിന്റെ സിറ്റൗട്ടില്‍. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് മനു കൃഷ്ണന് (31) എതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഈ മാസം ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇന്‍സ്പെക്ടര്‍‍ എ.സി. വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ഇടപെട്ടു ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നല്‍കുമെന്നും കോടതി ഉത്തരവു ലഭിച്ചാ‍ല്‍ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും മനു കൃഷ്ണന്‍ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *