ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം.
ധര്‍മശാല: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ബംഗ്ലാ കടുവകള്‍ തുടക്കം ഗംഭീരമാക്കിയത്.
ഓള്‍റൗണ്ടര്‍ മെഹ്ദി ഹസൻ മിറാസിന്‍റെ പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 37.2 ഓവറില്‍ 156 റണ്‍സിന് അഫ്ഗാൻ ഇന്നിംഗ്സ് അവസാനിച്ചു. 47 റണ്‍സ് നേടിയ ഓപ്പണര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ് ആണ് ടോപ്പ് സ്കോറര്‍. മറ്റാര്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സാക്കിബ് അല്‍ ഹസനും മെഹ്ദി ഹസൻ മിറാസുമാണ് അഫ്ഗാനെ തകര്‍ത്തത്. പേസര്‍ ഷൊറിഫുള്‍ ഇസ്‌ലാം രണ്ട് വിക്കറ്റുകള്‍ നേടി.
ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ബംഗ്ലാദേശിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (13), തൻസിബ് ഹസൻ (5) എന്നിവരെ നഷ്ടമായതോടെ സ്കോര്‍ 27/2 എന്ന നിലയിലായി.
പിന്നീട് ക്രീസില്‍ എത്തിയ മെഹ്ദി ഹസൻ മിറാസും നജ്മുള്‍ ഹൊസൈൻ സാന്‍റോയും നേടിയ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശ് ജയം അനായാസമാക്കിയത്. മിറാസ് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ സാന്‍റോ 59 റണ്‍സോടെ പുറത്താകാതെ നിന്നു. 14 റണ്‍സ് നേടിയ സാക്കിബിന്‍റെ വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി.