യമനില്‍ അമേരിക്ക-ബ്രിട്ടൻ വ്യോമാക്രമണം: സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ

January 13, 2024
33
Views

യമനിലെ ഹുദൈദ, സൻആ മേഖലകളില്‍ അമേരിക്ക-ബ്രിട്ടൻ സംയുക്ത സേന ബോംബാക്രമണം

യാംബു: യമനിലെ ഹുദൈദ, സൻആ മേഖലകളില്‍ അമേരിക്ക-ബ്രിട്ടൻ സംയുക്ത സേന ബോംബാക്രമണം നടത്തിയ പാശ്ചാത്തലത്തില്‍ സംയമനം പാലിക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട് സൗദി അറേബ്യ.

ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് യമനിലെ 10 കേന്ദ്രങ്ങളില്‍ല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യു.എസ്-യു.കെ ആക്രമണം നടന്നത്.

ചെങ്കടല്‍ മേഖലയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ സൗദി അറേബ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി വ്യക്തമാക്കി. ആഗോള കപ്പല്‍സഞ്ചാരത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ചെങ്കടല്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടതിന്‍റെ അനിവാര്യത തങ്ങള്‍ പ്രാധാന്യപൂര്‍വമാണ് കാണുന്നതെന്നും ഇവിടെയുണ്ടാകുന്ന ഏതൊരു പ്രശ്നവും ആഗോളതലത്തില്‍ തന്നെ പ്രതിസന്ധിയുണ്ടാക്കാൻ പോന്നതാണെന്നും സൗദി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശിക സംഭവങ്ങളുടെ വെളിച്ചത്തില്‍, സംയമനം പാലിക്കാൻ സൗദി അറേബ്യ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണ്. മേഖലയുടെ സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് സമാധാനപരമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സംഘര്‍ഷം ഒഴിവാക്കാനും എല്ലായിടങ്ങളിലും സമാധാനം നിലനിര്‍ത്താനും എല്ലാ കക്ഷികളോടും രാജ്യം ആവശ്യപ്പെടുകയാണ്.

യമനിലെ ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം നടത്തുമെന്ന് അമേരിക്കയും ബ്രിട്ടനും നേരത്തേ വ്യക്തമാക്കിയിരുന്നു. ഹുദൈദക്കും ഹജ്ജാക്കും ഇടയില്‍ ഹൂതികളുടെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ ആക്രമിക്കാൻ നീക്കമാരംഭിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈൻ അല്‍ എസ്സി മുന്നറിയിപ്പ് നല്‍കിയതും പശ്ചിമേഷ്യ സംഘര്‍ഷമേഖലയാവുമെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *