‘ജഡ്ജസ് പ്ലീസ് നോട്ട്…’ സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍

January 4, 2024
36
Views

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. രാവിലെ ഒൻപത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാകയുയര്‍ത്തുന്നതോടെയാകും കലാമേള ആരംഭിക്കുക.

തുടര്‍ന്ന് ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് നടക്കും.

ഗോത്രവര്‍ഗ കലയായ മംഗലം കളി സംസ്ഥാന സ്കൂള്‍ കലോത്സവചരിത്രത്തില്‍ ആദ്യമായി കൊല്ലത്ത് അവതരിപ്പിക്കും. കാസര്‍ഗോഡ് ഗവണ്‍മെന്റ് മോഡല്‍ റസിഡൻഷ്യല്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മംഗലം കളി അവതരിപ്പിക്കുന്നത്.

പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാല്‍, കെ രാജൻ, ജെ ചിഞ്ചുറാണി, പി.എ മുഹമ്മദ് റിയാസ്, കെ ബി ഗണേഷ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എം പിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ് എന്നിവരും എത്തും.

സിനിമാതാരം നിഖില വിമല്‍ ആണ് മുഖ്യാതിഥി. ആശാ ശരത്തും സ്കൂള്‍ കുട്ടികളുമാണ് സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടത്തുക.

ഇരുപത്തിമൂന്ന് വേദികളിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഹൈസ്കൂള്‍ മോഹിനിയാട്ടവും ഹയര്‍സെക്കൻഡറി സംഘനൃത്തവുമാണ് ഇന്നത്തെ ഇനങ്ങള്‍. മാര്‍ഗം കളി, കുച്ചിപ്പുടി, ഭരതനാട്യം, കഥകളി, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത് തുടങ്ങിയ ഇനങ്ങളിലും ഇന്ന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.

സംസ്കൃത കലോത്സവത്തിനും അറബിക് കലോത്സവത്തിനും ഇന്ന് തന്നെ തുടക്കമാകും. ഇവയ്ക്കായി പ്രത്യേക വേദി സജ്ജമാക്കിയിട്ടുണ്ട്. വാദ്യോപകരണങ്ങളുടെ മത്സരം, കാര്‍ട്ടൂണ്‍, രചനാ മത്സരങ്ങും ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചരയ്ക്ക് നീലാമ്ബരി പാര്‍ക്കില്‍ നടക്കുന്ന കലാ സാംസ്കാരിക പരിപാടിയില്‍ കഴിഞ്ഞ കലോത്സവത്തിലെ മികച്ച മാധ്യമങ്ങള്‍ക്കുള്ള പുരസ്ക്കാരം വിതരണം ചെയ്യും. മികച്ച ഓണ്‍ലൈൻ മാധ്യമത്തിനുള്ള പുരസ്ക്കാരം ‘ദ ഫോര്‍ത്തിന്’ ആയിരുന്നു.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലാമാമാങ്കത്തിന് ജനുവരി എട്ടിന് സമാപനം കുറിക്കും. എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് സമാപന ചടങ്ങിലെ മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആര്‍ അനില്‍, സജി ചെറിയാൻ എന്നിവര്‍ പങ്കെടുക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *