ന്യൂഡല്‍ഹി: ഇറാൻ സൈന്യം പിടിച്ചെടുത്ത കപ്പല്‍ എംഎസ്സി ഏരിസിലെ 17 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ ചർച്ചചെയ്തതായും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകള്‍ ആവശ്യമാണെന്നും ചർച്ച തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ചയാണ് ഹോർമുസ് കടലിടുക്കില്‍ വച്ച് ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥതയിലുള്ള എംഎസ്സി ഏരീസ് ചരക്കുക്കപ്പല്‍ ഇറാൻ സൈന്യം പിടിച്ചെടുത്തത്. ഇസ്രായേല്‍ ശതകോടീശ്വരൻ ഇയാല്‍ ഓഫറാണ് സോഡിയാക് മാരിടൈമിന്റെ ഉടമസ്ഥൻ. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്. കപ്പല്‍ നിലവില്‍ ഇറാൻ സമുദ്രപരിധിയിലാണുള്ളത്.
ശനിയാഴ്ച തന്നെ നയതന്ത്ര ചാനല്‍ മുഖേന ഇറാൻ ഭരണകൂടവുമായി ഇന്ത്യൻ ജീവനക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ നേരിട്ട് സംസാരിച്ചത്.