13 ഇനങ്ങള്‍ക്ക് വിലകൂട്ടി സപ്ലൈകോ; വര്‍ധന 3 മുതല്‍ 46 രൂപവരെ

February 16, 2024
6
Views

വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ അവശ്യസാധനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവർധിപ്പിക്കുന്നു.

തിരുവനന്തപുരം: വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ അവശ്യസാധനങ്ങളുടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവർധിപ്പിക്കുന്നു.

13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയർത്തുന്നത്.

നിലവില്‍ ഇവയ്ക്ക് പൊതുവിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം കുറവായിരിക്കും ഇനിമുതല്‍ സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വർധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവർധിപ്പിക്കുന്നതിന് നിർബന്ധിതമായത്.

ഇതോടെ വിലവർധന സംബന്ധിച്ച്‌ പഠിക്കാൻ സപ്ലൈകോ തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് എത്രത്തോളം വില ഉയർത്തണമെന്ന കാര്യത്തില്‍ നിർദ്ദേശം സമർപ്പിച്ചത്. 2016-ന് ശേഷം പല അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ വില ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വർധിപ്പിച്ചാല്‍ അത് വലിയ വർധനവായി അനുഭവപ്പെടും. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനൊപ്പം മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. സഭ നടക്കുന്ന സമയത്ത് നിയമസഭയ്ക്ക് പുറത്ത് വില വർധന പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം.

വില ഉയരുന്ന ഭക്ഷ്യ സാധനങ്ങള്‍

ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവ. ഇവയുടെ വില നിലവിലെ വിലയിലേതിനേക്കാള്‍ വലിയ വിലവ്യത്യാസം ഉണ്ട്. ഇവയില്‍ മിക്ക ഇനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ല എന്നതിന്റെ പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് വിലവർധനവ് കൂടി വരുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വിലവർധന ഉണ്ട്. ഏറ്റവും കൂടുതല്‍ വില വർധിച്ചത് തുവര പരിപ്പിനാണ്. 46 രൂപയാണ് വില കൂടിയത്. ഏറ്റും കുറവ് പച്ചരിക്കും, മൂന്ന് രൂപ. അതേസമയം മല്ലിക്ക് മാത്രം വിലക്കുറവുണ്ട്, 50 പൈസ.

മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്.

ചെറുപയർ 19 രൂപ കൂടും
പുതിയ വില 93 രൂപ

ഉഴുന്ന് 29 രൂപ കൂടും
പുതിയ വില 95 രൂപ

വൻകടല 27 രൂപ കൂടും
പുതിയ വില 70 രൂപ

വൻപയർ 31 രൂപ കൂടും
പുതിയ വില 76 രൂപ

തുവര 46 രൂപ കൂടും
പുതിയ വില 111 രൂപ

മുളക് 44.50 രൂപ കൂടും
പുതിയ വില 82 രൂപ

മല്ലി 50 പൈസ കുറഞ്ഞു
പുതിയ വില 39 രൂപ

പഞ്ചസാര 6 രൂപ കൂടും
പുതിയ വില 28 രൂപ

വെളിച്ചെണ്ണ (അരക്കിലോ ) 9 രൂപ കൂടും
പുതിയ വില 55 രൂപ

ജയ അരി 4 രൂപ കൂടും
പുതിയ വില 29 രൂപ

കുറുവ അരി 5 രൂപ കൂടും
പുതിയ വില 30 രൂപ

മട്ട അരി 5 രൂപ കൂടും
പുതിയ വില 30 രൂപ

പച്ചരി 3 രൂപ കൂടും
പുതിയ വില 26 രൂപ

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *