കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

March 3, 2024
3
Views

കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടർന്നുപിടിക്കുകയാണ് കേരളത്തില്‍.

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടർന്നുപിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്സ് കേസുകള്‍ റിപ്പോർട്ടുചെയ്തിട്ടുള്ളത്.

സ്കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതർ.

ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കൻപോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കൻപോക്സും മുണ്ടിനീരും റിപ്പോർട്ടുചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദേശിച്ചു.

കേരളത്തില്‍ ഈവർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്സ് വന്നതായാണു റിപ്പോർട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയർന്നുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ചിക്കൻപോക്സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാൻ മുൻപ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച്‌ സർക്കാർ ഉത്തരവായിട്ടുണ്ട്.

സാധാരണഗതിയില്‍ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാല്‍ അത്യപൂർവമായിട്ടാണെങ്കിലും ചിക്കൻപോക്സ്മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്.

ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുൻപ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.

എന്താണ് ചിക്കൻപോക്സ്?

ചൂടുകാലത്ത് കണ്ടുവരുന്നതും വേഗം പടരുന്നതുമായ രോഗമാണ് ചിക്കൻപോക്സ്. ‘വേരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് രോഗം പടർത്തുന്നത്. ഗർഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹരോഗികള്‍, നവജാതശിശുക്കള്‍, അർബുദം ബാധിച്ചവർ തുടങ്ങിയവർക്ക് രോഗം വന്നാല്‍ സങ്കീർണമാകാനിടയുണ്ട്.

ലക്ഷണങ്ങള്‍

1. കുമിളകള്‍ പൊങ്ങുന്നതിനുമുൻപുള്ള ആദ്യഘട്ടദിനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ശരീരവേദന, ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ചെറിയ പനിയും കാണാറുണ്ട്.

2. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു തുടങ്ങിയവയാണ് ആദ്യം കാണാറുള്ളത്.

രോഗം പകരുന്നത്

രോഗിയുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയാണ് പ്രധാനമായും ഇത് പകരാറുള്ളത്. ചുമയ്ക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങള്‍വഴിയും പടരും. പരീക്ഷക്കാലമായതിനാല്‍ കുട്ടികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധപുലർത്തേണ്ടതുണ്ട്. രോഗബാധിതരായ കുട്ടികളെ ഉണങ്ങിക്കഴിഞ്ഞതിനുശേഷം പൊറ്റകള്‍ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളില്‍ വിടാതിരിക്കണം.

കുളിക്കണം

ചിക്കൻപോക്സ് വന്നാല്‍ ഭേദമായിട്ടേ കുളിക്കാൻ പാടുള്ളൂവെന്നൊരു തെറ്റായ ധാരണ ചിലരിലുണ്ട്. ശുദ്ധജലം ഉപയോഗിച്ച്‌ നിത്യവും കുളിക്കുന്നതാണ് രോഗം ഭേദമാകാൻ നല്ലത്. കുളിക്കാതിരുന്നാല്‍ അണുബാധ രൂക്ഷമാകാനിടയുണ്ട്.

മരുന്നും വാക്സിനും

ചിക്കൻപോക്സിന് ഏതാണ്ടെല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യചികിത്സ ലഭ്യമാണ്. പരമാവധി രണ്ടാഴ്ചകൊണ്ട് തനിയെ ഭേദമാകുന്നതാണെങ്കിലും മരുന്നുണ്ട്. ഡോക്ടറെ കണ്ട് മരുന്നുവാങ്ങി കഴിക്കണം. മരുന്ന് കഴിച്ചാല്‍ വൈറസിന്റെ അളവും ദേഹത്തുണ്ടാകുന്ന കുരുക്കളുടെ എണ്ണവും കുറയും. പ്രമേഹമുള്ളവർ പ്രായാധിക്യമുള്ളവർ തുടങ്ങിയവർക്ക് വാക്സിൻ എടുക്കുന്നതും നല്ലതാണ്. തലവേദന, പനി, ചൊറിച്ചില്‍ എന്നിവയുള്ളവർ അതിനുള്ള മരുന്നുകളും കഴിക്കണം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *