വീട്ടിലേക്കുള്ള വഴിയടച്ച്‌ സിപിഎം കൊടിനാട്ടി; ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥന്‍

April 17, 2024
28
Views

ചേര്‍ത്തല: വീട്ടിലേക്കുള്ള വഴിയടച്ച്‌ സിപിഎം കൊടി നാട്ടി. വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യാഭീഷണിയുമായി ഗൃഹനാഥന്‍.

ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമന്‍ ആണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിയിരുന്നത്. പോലീസെത്തി അനുനയിപ്പിച്ച്‌ ഏണിവെച്ചാണ് പുരുഷോത്തമനെ താഴെയിറക്കിയത്.

പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ അഞ്ജലി സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിന് കിഴക്കുഭാഗത്തുകൂടി റോഡിനായി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുന്‍പ് വഴിക്കായി സ്ഥലം നല്‍കിയതിനാല്‍ ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27ന് ഇവിടെ കൊടി സ്ഥാപിക്കുന്നത് പതിവായിരുന്നു. രക്തസാക്ഷി വാരാചരണത്തിന് ശേഷം കൊടി മാറ്റുകയും ചെയ്യും. ഇത്തവണ പതിവിന് വിപരീതമായി വീടുപണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയടച്ച്‌ കൊടി സ്ഥാപിച്ച്‌ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. അതിനാല്‍ വീടിന്റെ അടിത്തറ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പലതവണ പാര്‍ട്ടി ഓഫീസിലും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

കൊടിമാറ്റാനായി മൂന്നരലക്ഷം രൂപ ആവശ്യപ്പെട്ടതായും ഇവര്‍ക്കനുകൂലമായ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പാര്‍ട്ടി ഇടപെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെന്നും വീട്ടുകാര്‍ പറഞ്ഞു. ഏഴുമാസമായി പോലീസ് സ്റ്റേഷനിലും പാര്‍ട്ടി ഓഫീസിലും കയറി മടുത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പുരുഷോത്തമന്‍ കൊടി സ്ഥാപിച്ച സ്ഥലത്തിന് സമീപത്ത് സഹോദരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ കയറി തൂങ്ങിമരിക്കാനായി കുരുക്കിട്ടത്. നാട്ടുകാര്‍ ഉള്‍പ്പെടെ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പുരുഷോത്തമന്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പുരുഷോത്തമനെ താഴെയിറക്കിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *