തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

April 11, 2024
2
Views

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ഇന്നുച്ചക്ക് 2 ന് വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ജസ്റ്റിസ് പി ജി അജിത്കുമാര്‍ വിധി പറയുക.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സ്വരാജിൻ്റെ പരാതി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച്‌ വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിൻ്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്‍റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹർജിയിലെ ആരോപണങ്ങള്‍.

ചുവരെഴുത്തുകളില്‍ അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചതിൻ്റെ തെളിവും ഹർജിക്കൊപ്പം സ്വരാജ് ഹാജരാക്കിയിരുന്നു. ബാബുവിൻ്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാല്‍ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ച്‌ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.കേവലം 900 ല്‍ പരം വോട്ടുകള്‍ മാത്രമായിരുന്നു കെ ബാബുവിൻ്റെ ഭൂരിപക്ഷം.കേസില്‍ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ ഹർജി നിലനില്‍ക്കില്ലെന്ന വാദവുമായി കെ ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബാബുവിൻ്റെ വാദം തള്ളിയ സുപ്രീം കോടതി വിചാരണ തുടരാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കുകയായിരുന്നു. കേസില്‍ എം. സ്വരാജിന്റെയും എതിര്‍വിഭാഗത്തിന്‍റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. വിശദമായ വാദവും തെളിവെടുപ്പുകളും പൂർത്തിയാക്കിയാണ് കോടതി ഇന്ന് അന്തിമ വിധിയിലേക്ക് കടക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *