ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, പ്രത്യേക യോഗംവിളിച്ച്‌ നെതന്യാഹു

April 14, 2024
0
Views

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ.

ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം.

തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേർത്തിട്ടുണ്ട്. ഇറാനില്‍ നിന്ന് വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു.

അതിർത്തിയില്‍ നിന്നും ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ചുവെന്ന് ഐ.ഡി.എഫ് എക്സില്‍ കുറിച്ചു. പ്രതിരോധസേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി. ഇസ്രയേലിനെ സംരക്ഷിക്കാൻ ഐ.ഡി.എഫ് പൂർണശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രതിരോധസേന വക്താവ് ചൂണ്ടിക്കാട്ടി. തങ്ങള്‍ ദൃഢനിശ്ചയത്തോടെ നിറവേറ്റാൻ ഉദ്ദേശിക്കുന്ന ദൗത്യമാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച്‌ ഇറാൻ സൈന്യവും രംഗത്തെത്തി. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നല്‍കി. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.

ഏപ്രില്‍ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *