വേണ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ഇനിനടക്കില്ല; മുൻഗണനാക്രമം ഉറപ്പാക്കാൻ എം.വി.ഡി.

March 3, 2024
0
Views

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യമുള്ള അപേക്ഷകള്‍ തേടിപ്പിടിച്ച്‌ വേഗത്തില്‍ തീർപ്പാക്കുന്നതിന് തടയിടാൻ അപേക്ഷകള്‍ക്ക് മുൻഗണനാക്രമം നിർബന്ധമാക്കുന്നു.

ആദ്യമെത്തിയ അപേക്ഷകള്‍ പരിഗണിച്ചശേഷമേ അടുത്തതിലേക്ക് നീങ്ങാൻ കഴിയൂ. സോഫ്റ്റ്വേറില്‍ മാറ്റംവരുത്താൻ നാഷണല്‍ ഇൻഫർമാറ്റിക് സെന്ററിന് (എൻ.ഐ.സി.) നിർദേശംനല്‍കി.

അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഫേസ്ലെസ് സംവിധാനത്തില്‍ ഉള്‍പ്പെടെ ഇടനിലക്കാർ കടന്നുകയറിയ പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസൻസിനുള്ള സാരഥി സോഫ്റ്റ്വേറില്‍ അപേക്ഷകള്‍ക്ക് മുൻഗണനാക്രമമുണ്ട്. ഇതേ രീതിയിലാണ് വാഹൻ സോഫ്റ്റ്വേറിലും മാറ്റംവരുത്തുന്നത്.

ഓണ്‍ലൈൻ സംവിധാനം ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതലെടുക്കുന്നത് തടയാൻ പരിശോധന തുടങ്ങി. ഓണ്‍ലൈൻ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് പ്രത്യേകം ജീവനക്കാരില്ലാത്തതാണ് വെല്ലുവിളി. പരാതി ഉയരുന്ന കേസുകളില്‍ മാത്രമാണ് അന്വേഷണംനടക്കുന്നത്. ഇടനിലക്കാരുമായി ബന്ധംപുലർത്തുന്ന ഉദ്യോഗസ്ഥർ ഇതാണ് മുതലെടുക്കുന്നത്.

സോഫ്റ്റ്വേറിലും അട്ടിമറി

കൈക്കൂലിക്ക് വഴിയൊരുക്കാനുള്ള സൂത്രപ്പണികള്‍ സോഫ്റ്റ്വേറിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ നല്‍കാൻ കഴിയുന്ന രേഖകള്‍പോലും മൂന്ന് തട്ടിലെ (ക്ലാർക്ക്, സൂപ്രണ്ട്, ജോ. ആർ.ടി.ഒ.) പരിശോധനയ്ക്കുശേഷമാണ് വിതരണംചെയ്യന്നത്. എതെങ്കിലുമൊരു ഉദ്യോഗസ്ഥൻ തീരുമാനമെടുക്കാതെ ഫയല്‍ പിടിച്ചുവെക്കുന്നതോടെ ഇടനിലക്കാർ സമീപിക്കുംം.

പെർമിറ്റ്, സി.എഫ്. എന്നിവയുടെ പകർപ്പുകളും ഫീസ് അടച്ചാലുടൻ വിതരണംചെയ്യുന്നവിധത്തില്‍ ക്രമീകരിച്ചാല്‍ അഴിമതിക്കുള്ള സാധ്യതയും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. രേഖകള്‍ പരിശോധിച്ച്‌ വിതരണംചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പിന്നീട് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സോഫ്റ്റ്വേറില്‍നിന്ന് നല്‍കാനാകും. ഇതരസംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ പെർമിറ്റുകള്‍ ഓട്ടോ അപ്രൂവ് രീതിയിലാണ് നല്‍കുന്നത്. കോമ്ബൗണ്ടിങ് ഫീസുകള്‍കൂടി പൂർണമായും ഓണ്‍ലൈനിലേക്ക് മാറ്റിയാല്‍ അഴിമതിക്കുള്ള സാധ്യത അടയും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *