അന്റാര്‍ട്ടിക്കയില്‍ മൂന്നാമത്തെ പോസ്റ്റോഫീസ് തുറന്ന് ഇന്ത്യ

April 6, 2024
31
Views

അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ പോസ്റ്റിന്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്ട്ര സര്‍ക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കെ കെ ശര്‍മ്മ ഉദ്ഘാടനം ചെയ്തു.

1984ല്‍ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലും 1990ല്‍ മൈത്രി സ്റ്റേഷനിലും ഇന്ത്യ പോസ്റ്റ് തപാല്‍ ഓഫീസ് സ്ഥാപിച്ചിരുന്നു.

ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന്റെ 24ാം സ്ഥാപക ദിനമായ ഏപ്രില്‍ 5 ആണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.
‘ഈ പരിശ്രമം ഒരു നാഴികക്കല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയ മാര്‍ഗങ്ങളുണ്ട്. വേഗത കുറവാണെങ്കിലും അവര്‍ അവരുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആളുകള്‍ കത്തുകള്‍ എഴുതുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയ കാലഘട്ടത്തില്‍ അന്റാര്‍ട്ടിക്ക എന്ന് പതിച്ച കത്തുകള്‍ ലഭിക്കുന്നത് ഒരു സ്മരണയാണ്. ഞങ്ങള്‍ കത്തുകള്‍ വര്‍ഷത്തിലൊരിക്കല്‍ ശേഖരിച്ച്‌ ഗോവയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് അയയ്ക്കും. ശാസ്ത്രജ്ഞരുടെ കുടുംബങ്ങള്‍ക്ക് അവ അയച്ചുനല്‍കും”, ഗ്രൂപ്പ് ഡയറക്ടര്‍ (അന്റാര്‍ട്ടിക് ഓപ്പറേഷന്‍സ്) ശൈലേന്ദ്ര സൈനി പറഞ്ഞു. ഈ ദൗത്യം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരുടെയും ശ്രമങ്ങളെ കെ കെ ശര്‍മ്മ അഭിനന്ദിച്ചു.
ഭാരതി സ്റ്റേഷനിലെ പോസ്റ്റ്കാര്‍ഡ് ചടങ്ങില്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ, അന്റാര്‍ട്ടിക്കയിലും ഗോവയിലും പ്രവര്‍ത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞര്‍ എന്‍സിപിഒആര്‍ ഡയറക്ടര്‍ തമന്‍ മെലോത്ത്, മൈത്രി, ഭാരതി സ്റ്റേഷനുകളിലെ ടീം ലീഡര്‍മാര്‍ എന്നിവരുള്‍പ്പെടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പങ്കെടുത്തു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *