നഷ്ടം നികത്താതെ പിവിആര്‍ തിയേറ്ററുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഫ്ക

April 13, 2024
0
Views

രാജ്യത്തെ പ്രമുഖ മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ ശ്യംഖലയായ പിവിആര്‍ മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചതിനെതിരെ ഫെഫ്ക രംഗത്ത്.

പിവിആർ ഗ്രൂപ്പിന്റെ സ്ക്രീനുകളില്‍ മലയാള സിനിമ പ്രദർശിപ്പിക്കാത്തത് ചൂഷണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. മലയാള സിനിമയുടെ അഭിമാനത്തിന്റെ പ്രശ്നമാണിത്. സിനിമ മുടങ്ങിയ ദിവസങ്ങളിലെ നഷ്ടം പിവിആർ നികത്തണം, അല്ലാതെ പിവിആറിന് ഇനി മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് നല്‍കില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെർച്വല്‍ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകള്‍ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളില്‍ മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നത് നിർത്തിവെച്ചത് പ്രതിഷേധാർഹമാണെന്ന് ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പറഞ്ഞു.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ്, ഇന്നലെ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം തുടങ്ങിയ സിനിമകളുടെ അണിയറക്കാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ആടുജീവിതം പ്രദർശിപ്പിക്കുന്നതിനുള്ള വിപിഎഫ് ചാർജ് ഒരാഴ്ച മുൻപ് പിവി ആറിന് നല്‍കിയിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.എന്നിട്ടും സിനിമ പ്രദർശിപ്പിക്കാത്തത് പിവിആറിന്‍റെ ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു. പിവിആർ സിനിമ പ്രദർശിപ്പിക്കാത്തത് വേദനാജനകമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസനും പറഞ്ഞു. റിലീസിന് തലേദിവസമാണ് പിവിആര്‍ തങ്ങളുടെത് അടക്കമുള്ള മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിക്കുന്നത്. ഇത് അണിയറക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വിഷയത്തെ നിയമപരമായും നേരിടും. പ്രശ്നം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയറ്ററുകള്‍ ലുലു മാളുകളില്‍ ഉള്ളതിനാല്‍ എം.എ.യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

കൊച്ചി ഫോറം മാളില്‍ ഈയിടെ ആരംഭിച്ച പിവിആർ-ഐനോക്സില്‍ സിനിമയുടെ പ്രദർശനത്തിനുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പിവിആര്‍ മാനേജ്മെന്‍റും തമ്മില്‍ ഉണ്ടായ തർക്കമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിച്ചാല്‍ തിയറ്റുകള്‍ക്ക് കൊടുക്കേണ്ട പണത്തില്‍ കാര്യമായ കുറവ് വരും. എന്നാല്‍ യുഎഫ്‌ഒ പ്രൊജക്‌ഷൻ സംവിധാനം ഉപയോഗിക്കുന്ന പിവിആർ ഇതിന് തയാറല്ല. യുഎഫ്‌ഒ, ക്യൂബ് തുടങ്ങി ഏതുതരം പ്രൊജക്‌ഷൻ യൂണിറ്റ് ഉപയോഗിച്ചാലും കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നാണ് ആവശ്യമെന്നു ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നത് നിര്‍ത്തിവെച്ചത്.

പിവിആര്‍ റിലീസ് തർക്കത്തില്‍ സമവായ ചർച്ചക്കുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ഫെഫ്ക്കയും പി വി ആർ പ്രതിനിധികളും തമ്മില്‍ ചർച്ച നടത്തും. മലയാള സിനിമ ബഹിഷ്ക്കരണം ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ഇടപെട്ടിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *