ജമ്മുകശ്മീരില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചു; പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി

May 13, 2022
116
Views

ദില്ലി: ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചതിൽ വൻ പ്രതിഷേധം. പുൽവാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. താഴ്വരയില്‍ സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് ഓഫീസിനുള്ളിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്മീർ ടൈഗേഴ്സ് എന്ന ഭീകര സംഘടന കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇന്ന് രാവിലെയാണ് പുൽവാമയിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസർ റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. രാഹുല്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ കശ്മിരി പണ്ഡിറ്റ് വിഭാഗം സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചു.

കൊലപാതകത്തെ അപലപിച്ച ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിന്‍ഹ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പറഞ്ഞു. താഴ്വരയില്‍ സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വിമർശിച്ചു. തുടർച്ചയായി കശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയാവുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published.