കൊച്ചി: കൊച്ചിയിൽ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ തുഷാരക്കും സംഘത്തിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തന്‍റെ റസ്റ്റോറന്‍റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു.
ഇതിനുപിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം ആക്രമണക്കേസില്‍ മാത്രമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒളിവില്‍ പോയ സംരംഭക തുഷാരയും സംഘവും കേരളം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നോൺ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്.ബി പോസ്റ്റ്. ഇത് ഒരു വിഭാഗം ആളുകള്‍ വലിയ രീതിയിലാണ് ഈ സംഭവം പ്രചരിപ്പിച്ചത്. ഈ വ്യാജവാര്‍ത്ത കേരളത്തിന് പുറത്തും ചര്‍ച്ചയായി. തുഷാരയെ പിന്തുണച്ചതിന് രാഹുല്‍ ഈശ്വറും നേരത്തെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു.
വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നുമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും പ്രതിയാണ്.