റഷ്യയുടെ അത്യന്താധുനിക എസ് 300, എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ യുക്രെയ്ൻ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്.
കീവ്: റഷ്യയുടെ അത്യന്താധുനിക എസ് 300, എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ യുക്രെയ്ൻ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്.
അധിനിവേശ ക്രിമിയയിലെ യെവ്പാതോറിയയില്‍ ഇന്നലെ പുലര്‍ച്ചെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍, റഷ്യ ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായി പരിഗണിക്കുന്ന എസ് 400 സംവിധാനത്തിന് എല്ലാവിധ മിസൈലുകളെയും വിമാനങ്ങളെയും വെടിവച്ചിട്ടാൻ കഴിയുമെന്നാണ് അവകാശവാദം. ഒരു യൂണിറ്റിന് 120 കോടി ഡോളര്‍ വിലവരുന്ന ഇത് ഇന്ത്യയും ചൈനയുമെല്ലാം വാങ്ങിയിട്ടുണ്ട്.
ആദ്യം ഡ്രോണുകള്‍ ഉപയോഗിച്ച് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്‍റെ റഡാറും പിന്നീട് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് മിസൈല്‍ യൂണിറ്റും തകര്‍ത്തുവെന്നാണു യുക്രെയ്ൻ സേന അവകാശപ്പെടുന്നത്. യെവ്പാതോറിയയില്‍ ആക്രമണമുണ്ടായതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡയിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ആക്രമണത്തിന്‍റെ പ്രാധാന്യം കുറച്ചുകാണിച്ച റഷ്യ, യുക്രെയ്ന്‍റെ 11 ഡ്രോണുകള്‍ വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ടു. മിസൈല്‍ പ്രതിരോധ സംവിധാനത്തിനോ സൈനിക താവളത്തിനോ നാശമുണ്ടായെന്ന കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
ക്രിമിയയില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്ന യുക്രെയ്ൻ സേന കഴിഞ്ഞദിവസം റഷ്യൻ നാവികസേനയുടെ കരിങ്കടല്‍ പടയുടെ ആസ്ഥാനമായ സെവാസ്തപോള്‍ തുറമുഖത്തേക്കു മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. രണ്ടു റഷ്യൻ കപ്പലുകള്‍ക്കു കാര്യമായ നാശമുണ്ടായെന്നാണു യുക്രെയ്ൻ പറയുന്നത്.