കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്‍റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാൻ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു.
എന്നാല്‍ നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാൻ പാർലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താം.
ഡെൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു.