ഡല്‍ഹി ഗോകുല്‍പുരിയിലെ കുടിലുകള്‍ക്ക് തീപിടിച്ച് 7 പേര്‍ മരിച്ചു. 60 കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ഏഴ് മൃതദേഹങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 13 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തിയെന്നും അഡിഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (നോര്‍ത്ത് ഈസ്റ്റ്) ദേവേഷ് കുമാര്‍ മഹ്ല വ്യക്തമാക്കി.
‘പുലര്‍ച്ചെ 1 മണിയോടെയാണ് ഗോകുല്‍പുരി പിഎസ് പ്രദേശത്ത് തീപിടുത്തമുണ്ടായത്. ഞങ്ങള്‍ അഗ്‌നിശമന സേനയുമായി ബന്ധപ്പെടുകയും ഉടന്‍ തന്നെ എല്ലാ രക്ഷാപ്രവര്‍ത്തന സജ്ജീകരണങ്ങളുമായി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ തീ ഏറക്കുറേ അണയ്ക്കാനായി. സ്ഥിതി നിയന്ത്രണ വിധേയമാണ്.’ – നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡിഷണല്‍ ഡിസിപി വ്യക്തമാക്കി.