കൊല്‍ക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അൻവാറുല്‍ അസീം അനാറും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും ഇന്ത്യയിലേക്കും അതിർത്തി കടന്ന് സ്വർണ്ണകട്ടകള്‍ കടത്തിയിരുന്നതായി റിപ്പോർട്ട്.
ഇരുവരും സ്വർണ്ണക്കടത്തില്‍ പങ്കാളികളായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മരണത്തിലേക്ക് എത്തിച്ചതെന്നായിരുന്നു നിഗമനം.
ദുബായില്‍നിന്ന് അഖ്തറുസ്സമാൻ ഷഹീൻ ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്ബോള്‍ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അൻവാറുല്‍ അസീം ആയിരുന്നു. കഴിഞ്ഞവർഷം കൂടുതല്‍ ലാഭവിഹിതം അസീം ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീൻ നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി കടത്തിയ 80 കോടിയോളം രൂപവരുന്ന സ്വർണ്ണം അസീം സ്വന്തമാക്കിയതായി ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പിന്നീട് വൈരത്തിന് കാരണമായത്.
സ്വർണ്ണക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട സ്വാധീനമുള്ള മറ്റുള്ളവർക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ബംഗ്ലാദേശ് പോലീസിന്റെ സംശയം. 2014-ല്‍ എം.പിയായതോടെ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെ നേതൃത്വം അസീം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവർക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.
ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകത്തില്‍ പങ്കാളികളായ അമാനുള്ള അമാൻ എന്ന ഷിമുല്‍ ബുയ്യാൻ, ഫൈസല്‍ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്മാൻ എന്നിവരെ നേരത്തെ ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്തിരുന്നു