മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്ന് കേരളം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

October 27, 2021
106
Views

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് സുപ്രീംകോടതി തീരുമാനമെടുത്തേയ്ക്കും. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ച്‌ സുപ്രീംകോടതി നിലപാട് തേടിയിരുന്നു.

കഴിഞ്ഞ ദിവസം തമിഴ്‌നാടും മേല്‍നോട്ട സമിതിയും ചേര്‍ന്ന സംയുക്ത യോഗത്തില്‍ ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. 138 അടിയില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാമെന്ന നിലപാടിലാണ് തമിഴ്‌നാട്. ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പും പ്രകൃതി ദുരന്തങ്ങളും ചൂണ്ടിക്കാട്ടിയാണ് കേരളം ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റജലനിരപ്പ് 137.60 അടിയില്‍ തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച്‌ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഡാം പൊട്ടുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *