ദുബായ്: ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചതിനു പിന്നാലെ നടത്തിയ വിവാദവും മതപരവുമായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേര്‍ന്നുള്ള സംഖ്യമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. എന്നാല്‍, പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ മുഹമ്മദ് റിസ്വാനെ അഭിനന്ദിച്ച് വഖാര്‍ യൂനിസ് രംഗത്തെത്തിയത് മതപരമായ പരാമര്‍ശത്തോടെ ആയിരുന്നു. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിനിടെ മുഹമ്മദ് റിസ്വാന് ഹിന്ദുക്കളുടെ മുന്നില്‍ നിസ്ക്കരിച്ചതാണ് തനിക്ക് ഏറെ സംതൃപ്തി നല്‍കിയതെന്നായിരുന്നു വഖാറിന്റെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ യൂനിസ് മാപ്പ് പറഞ്ഞ് രംഗത്ത് വരുകയായിരുന്നു. തന്റെ ‘തെറ്റ്’ തിരിച്ചറിഞ്ഞ യൂനിസ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ, ‘മത്സരത്തില്‍ ജയിച്ചതിന്റെ ആവേശത്തില്‍ പറഞ്ഞതായാണ്. ഒന്നും ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞ കാര്യം പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്ന് മനസിലാക്കുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ജാതിയും വര്‍ണ്ണവും മതവും നോക്കാതെയാണ് കായികം ആളുകളെ ഒന്നിപ്പിക്കുന്നത്. ക്ഷമിക്കുക’
തിങ്കളാഴ്ച ഒരു വാര്‍ത്താ ചാനലിലെ ടോക്ക് ഷോയില്‍ പങ്കെടുക്കവെയായിരുന്നു യൂനിസ് വിവാദ പ്രസ്താവന നടത്തിയത്. ‘ ബാബറും റിസ് വാനും ബാറ്റ് ചെയ്ത രീതി, അവരുടെ മുഖത്തെ ഭാവം എന്നിവ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും നല്ല കാര്യം, റിസ് വാന്‍ ചെയ്തത്, മാഷല്ലാ, ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് നമസ്കാരം അര്‍പ്പിച്ചു, അത് ശരിക്കും എനിക്ക് വളരെ സംതൃപ്തി തരുന്നതായിരുന്നു എന്നാണ് വഖാര്‍ പറഞ്ഞത്.