തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് വീണ്ടും സർക്കാറിന്റെ കൈത്താങ്ങ്. നോർക്കയുടെ പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മറ്റ് പ്രവാസികൾക്കും വായ്പയ്ക്ക് അർഹതയുണ്ട്. കെഎസ്എഫ്ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി തുകയുടെ 25 ശതമാനം ( പരമാവധി 1 ലക്ഷം രൂപ ) മൂലധന സബ്സിഡി അനുവദിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം 3 ശതമാനം പലിശ സബ്സിഡിയും ഉണ്ടാകും.
കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സൊസൈറ്റികൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വഴി പദ്ധതി വിപുലമാക്കാനും ലക്ഷ്യമിടുന്നു.
പ്രവാസികൾക്കായി നോർക്ക വഴി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതി ആഗസ്റ്റിൽ ആരംഭിച്ചിരുന്നു. പ്രവാസി ഭദ്രത മൈക്രോ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ നോർക്കയുമായോ തൊട്ടടുത്ത കെ.എസ് എഫ് ഇ ശാഖയുമായോ ബന്ധപ്പെടുക നോർക്ക :88020 12345.