സുരക്ഷ പ്രധാനവിഷയമെന്ന് സുപ്രീംകോടതി: മുല്ലപ്പെരിയാർ ജലനിരപ്പില്‍ മാറ്റംവരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി; എതിർത്ത് കേരളം

October 27, 2021
180
Views

ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പ്രധാനവിഷയമെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്ന മേൽനോട്ട സമിതിയുടെ തീരുമാനത്തോട് കേരളം വിയോജിച്ചു. ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ ഉടൻ മറുപടി നൽകണമെന്ന് കേരളത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അനുവദിക്കേണ്ട പരമാവധി ജലനിരപ്പ് എത്രയാണെന്ന് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നായിരുന്നു ഇന്ന് മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. തമിഴ്നാടിന് ഇത് സ്വീകാര്യമാണെന്നും കേരളം ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതായും അവർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നാൽ പ്രതിസന്ധിയുണ്ടാവുമെന്നും ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നുമായിരുന്നു സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ ചൂണ്ടിക്കാണിച്ചത്.

ഇതുൾപ്പടെയുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കേരളത്തിന് സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വ്യാഴാഴ്ച രാവിലെ 10.30-നകം ഇതിന് സംസ്ഥാന സർക്കാർ മറുപടി നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *