ആഡംബര കപ്പലിലെ ലഹരിവേട്ട: ഫാഷന്‍ ടിവി ഇന്ത്യ തലവനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും; സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

October 29, 2021
210
Views

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ഫാഷന്‍ ടിവി ഇന്ത്യ തലവനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. യാത്ര സംഘടിപ്പിച്ചത് ഫാഷന്‍ ടിവി ഇന്ത്യ തലവനായിരുന്നു. അതേസമയം എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

അഭിഭാഷകൻ ജയേഷ് വാനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഭീഷണിപ്പെടുത്തി സമീർ പണം തട്ടുന്നു എന്നാണ് പരാതി. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാംഗഡെയ്ക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീർ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സമീർ വാംഗഡെയ്ക്ക് ഇടനില നിന്നതെന്ന് കരുതുന്ന കിരൺ ഗോസാവിയെ ഇന്നലെ പൂനെ പൊലീസ് പിടികൂടിയിരുന്നു. ആര്യൻ അറസ്റ്റിലായതിന് പിന്നാലെ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ കണ്ടെന്നും 18 കോടി ആവശ്യപ്പെട്ടെന്നുമാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയ്ലി വെളിപ്പെടുത്തിയത്.

അതിൽ എട്ട് കോടി സമീർ വാംഗഡെയ്ക്കാണെന്ന് പറയുന്നതും കേട്ടു. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ ​ഗോസാവി രണ്ട് വർഷമായി മുങ്ങി നടക്കുകയായിരുന്നു. ആര്യൻഖാൻ കേസിൽ ഗോസാവിയുടെ സാനിധ്യം മനസിലായതോടെ പൂനെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. തന്‍റെ അംഗരക്ഷകൻ കൂടിയായിരുന്ന പ്രഭാകർ പറയുന്നത് നുണയാണെന്നും ഫോൺകോൾ വിവരങ്ങൾ പരിശോധിക്കണമെന്നും അറസ്റ്റിലാവും മുൻപ് ഗോസാവി ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *