ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നില്‍ ബി ജെ പിയുടെ ഗൂഡാലോചനയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡിനെ മുംബൈയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ഗൂഡാലോചനയാണ് കേസിന് പിന്നിലെന്നും നവാബ് മാലിക് ആരോപിക്കുന്നു. ബോളിവുഡിനെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന കണ്ടെത്തിയ സംഭവം എന്നും നവാബ് മാലിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചില ചലചിത്രതാരങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ബോളിവുഡിനെ നോയിഡയിലേക്ക പറിച്ച് നടുന്നതിനേക്കുറിച്ചാണെന്നും നവാബ് മാലിക് ആരോപിക്കുന്നു.
ആര്യന് ഖാനെ എന്‍സിബി ഓഫീസിലേക്ക് വലിച്ചിഴച്ച കിരണ്‍ ഗോസാവി ഇതിനോടകം ജയിലില്‍ ആയിട്ടുണ്ട്. ഇനി സാഹചര്യങ്ങള്‍ മാറും. ആര്യന് ഖാന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നയാള് ഇപ്പോള്‍ കോടതിയുടെ വാതില്‍ മുട്ടുകയാണെന്നും എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കെഡെയെക്കുറിച്ച് നവാബ് മാലിക് പറഞ്ഞു.
ബുധനാഴ്ചയാണ് പൂനെ പൊലീസ് കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയെ അറസ്റ്റ് ചെയ്തത്. 2018ലെ ഒരു വഞ്ചനാക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്‍സിബി റെയ്ഡ് നടക്കുമ്ബോള്‍ ആര്യന് ഖാനുമൊന്നിച്ചുള്ള കിരണ്‍ ഗോസാവിയുടെ സെല്‍ഫി ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ സമീര്‍ വാങ്കഡേ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് നവാബ് മാലിക്ക് പുറത്തുവിട്ടിരുന്നു.
വാങ്കഡെ മുസ്ലീമാണെന്നും എന്നാല്‍ ഐ ആര് എസ് പരീക്ഷയില്‍ സംവരണം ലഭിക്കാന്‍ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സെര്ടിഫികറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയര്‍ത്തുന്ന ആരോപണം.
സമീര്‍ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു.