ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീതിന്‍റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. രണ്ട് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. നടന്‍റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ബലഗാവി ജില്ലയിെല അത്താണിയില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്‍റെ ഫോട്ടോ പൂക്കള്‍ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു രാഹുല്‍.
ചാമരാജനഗര്‍ ജില്ലയിലെ മരുരു ഗ്രാമത്തില്‍ 30 വയസ്സുകാരനായ മുനിയപ്പ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞ് ഹദയാഘാതം മൂലം മരിച്ചു. കര്‍ഷകനായ മുനിയപ്പക്ക് ഭാര്യയും രണ്ട് മക്കളുണ്ട്. പുനീതിന്‍റെ കടുത്ത് ആരാധകനായ ഇദ്ദേഹം താരത്തിന് ഹൃദയാഘാതം വന്നുവെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പുനീതിന്‍റെ മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞയുടന്‍ മുനിയപ്പ ബോധരഹിതനായി നിലംപതിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ഷിന്‍ഡോളി ഗ്രാമത്തില്‍ കടുത്ത പുനീത് ആരാധകനായ പരശുരാം ഹൃദയാഘാതം മൂലം രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. ദുഖം താങ്ങാനാവാതെ രാവിലെ മുതല്‍ ടെലിവിഷനുമുന്നിലിരുന്ന് കരയുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരണം.
സൂപ്പര്‍സ്റ്റാറിന്‍റെ വിയോഗത്തില്‍ ദുഖം താങ്ങാനാവാതെ താന്‍ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോയില്‍ കൈയിടിച്ച് 35 വയസ്സുകാരനായ സതീഷ് ചികിത്സയിലാണ്. കൈപ്പത്തിയില്‍ ചോര വാര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുനീതിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗമാണിതെന്ന് സതീഷ് പറഞ്ഞു.
അതേസമയം, പുനീത് രാജ്കുമാറിന്‍റെ സംസ്കാരം അമേരിക്കയിലുള്ള മകളെത്തിയ ശേഷം നാളെ നടക്കും. അച്ഛന്‍ രാജ്കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക.
നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നത്. എന്നാല്‍ പുനീതിന്‍റെ മകള്‍ യു.എസില്‍ നിന്ന് എത്താന്‍ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക. പുനീതിന്‍്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ ആളുകളുടെ പ്രവാഹമാണ്. ഇന്നും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.