വാഷിങ്ടൺ: ചൈനയിലെ വുഹാനിൽനിന്ന് വ്യാപിച്ച കൊറോണ വൈറസ് ജൈവായുധമാണെന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില മുതിർന്ന അംഗങ്ങളുടെ ആരോപണം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്ന് യു.എസ്. രഹസ്യാന്വേഷണ വിഭാഗം. ഇത്തരം ആരോപണങ്ങളിലൂടെ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി സംശയമുണ്ടെന്നും അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പതിനേഴോളം യു.എസ്. ഏജൻസികളിൽ ഭൂരിപക്ഷവും വൈറസ് കൃത്രിമമായി ഉണ്ടാക്കിയാതാണെന്ന് വിശ്വസിക്കുന്നില്ല. അതേസമയം മൃഗങ്ങളിൽ നിന്നാണോ വൈറസ് മനുഷ്യരിലേക്ക് പടർന്നത് അതോ ലാബ് പരീക്ഷണങ്ങൾക്കിടെ അബദ്ധത്തിൽ ചോർന്നതാണോ എന്ന ചോദ്യത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിനിടയിൽ ഇപ്പോഴും ഭിന്നാഭിപ്രായങ്ങളാണുള്ളത്.
‘സാർസ് കോവി2′ വൈറസ് ജൈവായുധമാണെന്ന ആരോപണങ്ങളിൽ സംശയമുണ്ട്. ശാസ്ത്രീയമല്ലാത്ത വസ്തുതകൾ ഉൾപ്പെടുത്തിയാണ് ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സംശയമുണ്ട്.’-റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വൈറസ് ആദ്യം മൃഗത്തിൽനിന്ന് മനുഷ്യനിലേക്കു പകർന്നതായാണ് നാല് യു.എസ്. രഹസ്യാന്വേഷണ വിഭാഗങ്ങൾ പറയുന്നത്. പരീക്ഷണങ്ങളുടെ ഭാഗമായി മൃഗങ്ങളുടെ മലം, മൂത്രം തുടങ്ങിയവ ശേഖരിക്കുമ്പോൾ അശ്രദ്ധമായി രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.
കണ്ടെത്തലുകളുടെ ആദ്യ സംഗ്രഹം രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറുടെ ഓഫീസ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവിട്ടിരുന്നു. തുടർന്ന് വെള്ളിയാഴ്ചയാണ് പൂർണ വിവരങ്ങളടങ്ങുന്ന പതിപ്പ് പ്രസിദ്ധീകരിച്ചത്.