ജയ്പൂർ: രാജസ്ഥാനിലെ ദറിയവാദ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി നാഗ്രാജ് മീനയാണ് മിന്നും ജയം സ്വന്തമാക്കിയത്. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നിട്ടും മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് അവർക്ക് സാധിച്ചത്. കോൺഗ്രസിന്റെ നാഗ്രാജ് മീന 69,703 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി തവർചന്ദ് 51,048 വോട്ടുകൾ സ്വന്തമാക്കി. ബിജെപി സ്ഥാനാർഥി കേദ് സിങ് മീനയക്ക് 46,415 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
അതേസമയം, രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ, ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കോൺഗ്രസും തൃണമൂൽ കോൺഗ്രസും. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ സീറ്റുകളിലും ഒരു ലോക്സഭ സീറ്റിലും കോൺഗ്രസ് മുന്നിലാണ്.
ഭരണകക്ഷിയായ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ബംഗാളിൽ നാല് നിയമസഭ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റ് ഉൾപ്പെടെ തൃണമൂൽ പിടിച്ചെടുത്തു. ബിജെപിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ദിൻഹാതയിൽ 1,21,890 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസി സ്ഥാനാർഥി ഉദ്യാൻ ഗുഹ വിജയിച്ചത്.
ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് വേണ്ടി ഭബാനിപ്പൂരിൽ എംഎൽഎ സ്ഥാനം രാജിവച്ച ശോഭൻദേബ് ചതോപാധ്യയ ഖർദ മണ്ഡലത്തിൽ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, അസമിൽ ഭരണകക്ഷിയായ ബിജെപി നേട്ടമുണ്ടാക്കി. അഞ്ചു സീറ്റുകളിലും ബിജെപിയാണ് മുന്നിൽ.
കർണാടകയിൽ ഓരോ സീറ്റുകളിൽ വീതം കോൺഗ്രസും ബിജെപിയും വിജയമുറപ്പിച്ചു. ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രതിഭ സിങ് വിജയിച്ചു. മേഘാലയയിൽ ഭരണകക്ഷിയായ എൻപിപിയും സഖ്യകക്ഷി യുഡിപിയും മൂന്നു സീറ്റുകളിൽ വിജയം ഉറപ്പിച്ചു.
കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലി ലോക്സഭ സീറ്റിൽ ബിജെപിയെ ശിവസേന അട്ടിമറിച്ചു. ആത്മഹത്യ ചെയ്ത എംപി മോഹൻ ദേൽക്കറിന്റെ ഭാര്യ കലാബെൻ ദേൽകർ 13,000വോട്ടിന് മുന്നിലാണ്. മധ്യപ്പദേശിൽ ബിജെപി രണ്ടു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയം ഉറപ്പിച്ചു.