മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു: അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി

November 3, 2021
226
Views

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് വർധിച്ചു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ മുല്ലപ്പെരിയാൽ അണക്കെട്ടിൽ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

നേരത്തെ, ജലനിരപ്പ് കുറഞ്ഞതോടെയാണ് അണക്കെട്ടിലെ അഞ്ച് സ്പിൽവേ ഷട്ടറുകൾ ഇന്നലെ തമിഴ്നാട് അടച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകൾ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ എഴുപത് സെന്റീമീറ്ററിൽനിന്ന് 50 സെന്റീമീറ്റർ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകൾ അടച്ചത്. മൂന്നാം നമ്പർ ഷട്ടർ 20 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

ഇതിനിടെ, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപവത്കരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ജലക്കമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ.എസ്. പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളായും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമായും പങ്കെടുത്തു.

ഇതിനിടെ, സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞജാഗ്രതയും പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നിലവിൽ കന്യാകുമാരി ഭാഗത്തും സമീപപ്രദേശങ്ങളിലുമാണ്. 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ചേക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *