ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ്സിന്റെ ഒത്തുതീര്‍പ്പ് ശ്രമം നടന്നില്ല, താരം നിയമനടപടികളിലേക്ക്

November 5, 2021
139
Views

കൊച്ചി : ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് നിയമനടപടികളിലേക്ക്.

കേസുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകും. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി കോണ്‍ഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് ജോജു നിയമനടപടിക്ക് ഒരുങ്ങുന്നത്.

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതില്‍ ഉച്ചയ്ക്ക് കോടതി പരിഗണിക്കും. കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് ജോജുവിന്റെ ആവശ്യം.

ഉപരോധ സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തത്.

ജോജുവിന്റെ പരാതിയില്‍ കാര്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്വേഷണം മുറുകി നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായത്.

ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി ഇതിനായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ആരോപിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് ജോജു സമവായ ശ്രമങ്ങളുടെ ഭാഗമായി ആവശ്യപ്പെട്ടത്.

ദേശീയപാതയിലൂടെയുള്ള ഗതാഗതം തടഞ്ഞുകൊണ്ടുള്ള ഉപരോധസമരം മൂലം രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ വഴിയില്‍ കുടുങ്ങിതോടെയാണ് ജോജു പ്രതികരിച്ചത്. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയും ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *