കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്നാട് മന്ത്രിമാരും എം.എല്‍.എമാരുമെത്തിയതു വന്‍സന്നാഹവുമായി.സംഘത്തിനു വഴിയൊരുക്കാന്‍ കുമളി ടൗണില്‍ കേരളാ പോലീസും ജാഗ്രത പുലര്‍ത്തി. രാവിലെ 11-ന് ആംബുലന്‍സ് ഉള്‍പ്പെെടയുള്ള വാഹനവ്യൂഹം അതിര്‍ത്തി കടന്നെത്തി.
സംഘത്തിനു തടസമുണ്ടാകാതിരിക്കാന്‍ തേക്കടി റോഡിലേക്കു മറ്റ് വാഹനങ്ങള്‍ പ്രവേശിക്കുന്നത് അല്‍പ്പനേരം നിരോധിച്ചു. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വാഹനങ്ങള്‍ക്കു പുറമേ തമിഴ്നാട് പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും വാഹനങ്ങള്‍ കുമളിയില്‍ തലങ്ങും വിലങ്ങും പാഞ്ഞു. 11.30-നു തേക്കടിയിലെത്തിയ സംഘം തമിഴ്നാടിന്റെ രണ്ട് ബോട്ടുകളില്‍ അണക്കെട്ടിലേക്കു പോയി. ഇരുസംസ്ഥാനങ്ങളിലെയും മാധ്യമപ്രവര്‍ത്തകരുടെ വന്‍പട തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ കാത്തുനിന്നിരുന്നു.