‘പണം ആവശ്യപ്പെട്ടെന്ന വ്യാജേനെ അവര്‍ നാടകം കളിച്ചു, അറസ്ററ് ചെയ്യിപ്പിച്ചു’: കാവേരിക്കും അമ്മയ്ക്കുമെതിരെ പ്രിയങ്ക

November 6, 2021
162
Views

കൊച്ചി : നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയായ നടിയാണ് പ്രിയങ്ക. 2004 ല്‍ നടി കാവേരിയുടെ കയ്യില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന് പ്രിയങ്കയുടെ പേരില്‍ ഒരു കേസ് ഉണ്ടായിരുന്നു.

എന്നാല്‍ നിരപരാധിയെന്ന് കണ്ടെത്തി കേസില്‍ പ്രിയങ്കയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കുകയാണ് ചെയ്തത്. ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും നടി കാവേരിയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് നടി. തനിക്ക് സംഭവിച്ചത് ചതിയാണെന്ന് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് നടി പ്രിയങ്ക തുറന്നുപറഞ്ഞിരിക്കുന്നത്.

നടിയുടെ വാക്കുകള്‍:

‘ഞാനും കാവേരിയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കാവേരിയുടെ പേര് അച്ചടിച്ചു വരുമെന്നറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ച്‌ അറിയിക്കുക മാത്രമാണ് ചെയ്തത്. ശേഷം ആലപ്പുഴയില്‍ വെച്ച്‌ നേരിട്ട് കാണാന്‍ കഴിയുമോയെന്നന്വേഷിച്ച്‌ കാവേരി എന്നെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് പറയാം എന്നായിരുന്നു മറുപടി.

അങ്ങനെ ഞാന്‍ ആലപ്പുഴ പോയി. അവിടെ എത്തിയപ്പോള്‍ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇടുകയായിരുന്നു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്.

ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്‌ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ ‘നിങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി’ എന്നായിരുന്നു പൊലീസ് വിശദീകരണം. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ‘പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും’ എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്’.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *