എംജി സര്‍വകലാശാലയില്‍ ഗവേഷക ദീപ പി മോഹനന് നടത്തുന്ന നിരാഹാര സമരം 11ആം ദിവസത്തിലേക്ക്. വി.സിയെയും ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെയും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദീപ. ആരോഗ്യം മോശമാകുന്നുണ്ടെങ്കിലും ദീപ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. നന്ദകുമാര്‍ എന്ന അധ്യാപകനെയും വി.സി സാബു തോമസിനെയും പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ദീപ പറയുന്നത്.
സമരം അവസാനിപ്പിക്കാന്‍ പലതവണ സര്‍വകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇപ്പോള്‍ സര്‍ക്കാരിനും സമരം തലവേദനയായിട്ടുണ്ട്. പ്രശ്ന പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല, കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണത്തിനും മറുപടി പറയേണ്ട അവസ്ഥയിലാണ്.
പ്രതിപക്ഷവും വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ഗവര്‍ണര്‍ അടക്കമുള്ളവര്‍ പരാതി നേരിട്ട് കേള്‍ക്കാന്‍ കൂട്ടാക്കാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കടുത്ത നിലപാടുകളിലേക്ക് ദീപ പോകുന്നത്.