റഫാൽ യുദ്ധവിമാന ഇടപാട്: ഇടനിലക്കാരന് 65 കോടി രൂപയുടെ കൈക്കൂലി കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം

November 8, 2021
195
Views

ന്യൂഡെൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട്. വ്യാജ ഇൻവോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷൻ ഉപയോഗിച്ചത്. 2018ൽ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിട്ടും അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസികൾക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഫ്രാൻസിലെ ദസ്സോ ഏവിയേഷനിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാർട്ട് പുറത്തുവിട്ടത്. 7.8 ബില്ല്യൺ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനിൽ നിന്ന് 36 പോർവിമാനങ്ങൾ വാങ്ങിയത്.

മൗറീഷ്യസ് ആസ്ഥാനമായ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജമാണെന്ന് കണ്ടെത്തിയ ബില്ലുകളിൽ ദസ്സോ എന്ന വാക്കുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ഒക്ടോബർ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നൽകിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുമ്പോൾ റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങൾ ലഭിച്ചിട്ടും അന്വേഷിക്കാൻ സിബിഐയോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാർട്ട് ആരോപിക്കുന്നു.

കോഴ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അർധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടർ നാഗേശ്വർ റാവുവിന് താൽക്കാലിക ചുമതല നൽകി. റഫാൽ ഇടപാടിൽ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു അലോക് വർമയെ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *