മുല്ലപ്പെരിയാർ വിവാദ മരംമുറി: സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സ് പുറത്ത്: കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു

November 11, 2021
170
Views

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ സുപ്രധാനരേഖ പുറത്ത്. സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സാണ് പുറത്തുവന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. മരംമുറി അപേക്ഷ പരിഗണനയിലാണെന്ന് വനം സെക്രട്ടറിതന്നെ യോഗത്തിൽ പറഞ്ഞു. ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്‍റെ അപേക്ഷയും പരിഗണനയിലെന്ന് യോഗത്തില്‍ കേരളം സമ്മതിച്ചു.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങളും പൊളിഞ്ഞിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നവംബർ ഒന്നിന് ചേർന്ന യോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ തെളിവായ സർക്കാർ രേഖകൾ പുറത്തുവന്നിരുന്നു.

നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി എന്നാണ് പിസിസിഎഫിന്റെ ഉത്തരവിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറൻസിലാണ് യോഗ കാര്യം പറയുന്നത്. റോഷി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബെന്നിച്ചന്റെ ഉത്തരവ്.

ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്ത് സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തിയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞത്. ഒന്നാം തിയതി അനൌദ്യോഗികമായി പോലും യോഗം ചേർന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനയ്ക്ക് പോയത്.

ജലവകുപ്പിന്റെ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഒന്നാം തിയതി യോഗം ചേർന്നിട്ടില്ലെന്നും ഇത് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് തന്നെ ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിൻ വിശദീകരിച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റെന്ന് തെളിയിക്കുന്നതാണ് സർക്കാർ രേഖകൾ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *