ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും പിലിഭിത്ത് എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അടുത്തയാഴ്ചത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അടുത്തിടെ ബി.ജെ.പിയുടെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്ന പ്രവണതയാണ് വരുണ്‍ സ്വീകരിച്ചുവരുന്നത്. വരുണ്‍ വൈകാതെ തന്നെ ബ.ജെ.പി വിടുമെന്ന അഭ്യൂഹം ശക്തമാണ്. മാത്രമല്ല, മേനക ഗാന്ധിയേയും മകന് വരുണ്‍ ഗാന്ധിയേയും ദേശീയ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ബി.ജെ.പി ഒഴിവാക്കുകയും ചെയ്തിരുന്നു.
സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധി ടി.എം.സിയില്‍ ചേര്‍ന്നേക്കുമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും സൂചന നല്‍കുന്നുണ്ട്.