തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയ്ക്ക് ജനുവരി മുതൽ വിലകൂടും: ജിഎസ്ടി 12ശതമാനമായി വർധിപ്പിച്ചു

November 20, 2021
421
Views

ന്യൂ ഡെൽഹി: തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി(ജിഎസ്ടി)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ വിലകൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വിലവ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചിൽനിന്ന് 12ശതമാനമാക്കിയിട്ടുണ്ട്.

തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയിൽ 15-20ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയിൽ 80ശതമാനവും 1,000 രൂപക്ക് താഴെ വിലയുള്ള വസ്ത്രങ്ങളാണ്.

നൂൽ, പാക്കിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വിലവർധനകൂടിയാകുമ്പോൾ തുണിവ്യവസായ മേഖലക്ക് തീരുമാനം ആഘാതമാകുമെന്ന് ക്ലോത്തിങ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *