കുഞ്ഞിനെ തിരികെ കൊണ്ടുവരുന്നത് മാത്രമായിരുന്നില്ല ലക്ഷ്യം; എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടണം; സമരം നിര്‍ത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും അനുപമ

November 22, 2021
201
Views

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സമരം നിര്‍ത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്ന് അനുപമ. കുഞ്ഞിനെ തിരികെ എത്തിക്കുന്നത് മാത്രമായിരുന്നില്ല ലക്ഷ്യമെന്നും ഏല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടണമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു അനുപമയുടെ പ്രതികരണം.

കുഞ്ഞിനെ തിരികെ എത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ ഒന്ന് കാണണമെന്ന തന്റെ ആവശ്യം സമ്മതിക്കാത്തതില്‍ സങ്കടമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ നടപടികള്‍ ഇനി താമസിപ്പിക്കുമോ എന്ന പേടിയുണ്ടെന്നും അനുപമ പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്ക് ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും അനുപമ വ്യക്തമാക്കി.

ഇന്ന് രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ആന്ധ്രയില്‍ നിന്നാണ് കുഞ്ഞിനെ തിരുവനന്തപുരത്തു എത്തിച്ചത്. ഡിഎന്‍എ ഫലം വന്നാലുടന്‍ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറും. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും.

ആന്ധ്രാപ്രദേശ് ദമ്ബതികളില്‍ നിന്ന് കുഞ്ഞിനെ ഇന്നലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി വിമാനം കയറിയത്. ഉച്ചയോടെ ആന്ധ്രയിലെത്തി അവിടുത്തെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്ബോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. പിന്നാലെയാണ് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിച്ചത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്ബിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്. ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.

ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്. ഫലം അനുകൂലമായാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.

കുഞ്ഞിനെ ലഭിച്ചാല്‍ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം. അതേസമയം ദത്ത് ലൈസന്‍സ് സമര്‍പ്പിക്കാത്തതിന് തിരുവനന്തപുരം കുടുംബകോടതി ശിശുക്ഷേമസമിതിയെ വിമ‍ര്‍ശിച്ചു.ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നവംബര്‍ 29 വരെ സമയം വേണമെന്ന് ശിശുസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *