ഇന്നുതന്നെ കുഞ്ഞിനെ കാണാൻ അനുവദിക്കണം: ഇവർ എല്ലാം വ്യക്തിപരമായാണ് കാണുന്നത്; അനുപമ

November 22, 2021
114
Views

തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രൻ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം.

ഇന്നുതന്നെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇതിനിടെ ഡിഎൻഎ പരിശോധനക്കായി സിഡബ്യുസി ഉടൻ നോട്ടീസ് നൽകിയേക്കും.

ഡിഎൻഎ പരിശോധനക്കായി എന്ന് സാമ്പിൾ എടുക്കും, എപ്പോൾ എടുക്കും, എങ്ങനെ എടുക്കും, ഒരുമിച്ചാണോ എടുക്കുക ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്ന് അനുമപ ആരോപിച്ചു. “ഞങ്ങൾക്ക് ഉത്കണ്ഠ ഉണ്ടാകില്ലെ കുഞ്ഞിന്റെ കാര്യത്തിൽ? ഡിഎൻഎ സാമ്പിൾ രണ്ടായിട്ടേ എടുക്കുകയുള്ളു, കുഞ്ഞിന്റെ പ്രത്യേകമായാണ് എടുക്കുന്നത് എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു വാശി ? ഇവർ എല്ലാം വ്യക്തിപരമായാണ് കാണുന്നത്. കോടതിയുടെ കാര്യം ഒക്കെ പറയുന്നു. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സിഡബ്യുസിക്ക് എടുക്കാം എന്ന് നിർദേശം കൊടുത്തിരിക്കെ അവർക്കുള്ള അധികാരത്തിൽ പെരുമാറിക്കൂടെ? ” – അനുപമ ചോദിച്ചു.

നേരത്തെ, ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി 8.28-നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തിച്ചു. ഡി.എൻ.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാൻ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.

വൻ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയിൽത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറിൽ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവർത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *