സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നതെങ്കിലും തീപ്പൊരി ഡയലോഗുകളുമായി ആക്ഷൻ സീനുകളിൽ തിളങ്ങിയ പഴയ സുരേഷ് ഗോപിയുടെ മിന്നലാട്ടം ചിത്രത്തിൽ പലയിടത്തും കാണാമെന്നുള്ളതിൽ ആരാധകർ സന്തോഷത്തിലാണ്.
ഒരു പൊലീസ് ഓഫീസറെ ചുമരിനോട് ചേർത്തുനിർത്തി കാൽ നെഞ്ചിൽ ചേർത്തുവച്ചുള്ള ചിത്രത്തിലെ സീനും ഏറെ ശ്രദ്ധ നേടിയിരുന്നു. കാവലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും നിറഞ്ഞു നിന്നത് ഈ സീനായിരുന്നു. സുരേഷ് ഗോപിയ്ക്ക് ഒപ്പം ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് പുതുമുഖ നടനാണ് കിച്ചു ടെല്ലസ് ആണ്.
ഈ പ്രായത്തിലും സുരേഷ് ഗോപി കാത്തുസൂക്ഷിക്കുന്ന ഫ്ളക്സിബിലിറ്റി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കിച്ചു ടെല്ലസ് പറയുന്നത്. “ഞാൻ സുരേഷേട്ടനെ ആദ്യമായി നേരിട്ട് കാണുന്നത് കാവലിന്റെ ഷൂട്ടിനിടയിലാണ്. ചിത്രത്തില്‍ ഞാനൊരു പോലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. പോലീസ് എങ്ങനെയാവണമെന്ന് മലയാളികള്‍ പഠിച്ചിരിക്കുന്നത് സുരേഷേട്ടനെ കണ്ടാണ്. അങ്ങനെ ഒരാളുടെ മുന്നില്‍ നമ്മള്‍ പോലീസ് വേഷമിട്ട് നില്‍ക്കുന്നു. ഒരു പൊലീസുകാരന്റെ സംസാരം എങ്ങനെയായിരിക്കണം, മാനറിസം എങ്ങനെ വേണം എന്നിങ്ങനെ കുറേ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു.”
“അദ്ദേഹം എന്റെ നെഞ്ചിൽ കാലു മടക്കി വയ്ക്കുന്ന ആ സീനായിരുന്നു എന്റേതായി ആദ്യം ഷൂട്ട് ചെയ്തത്. ആ ദിവസമാണ് ഞാനദ്ദേഹത്തെ ആദ്യം കാണുന്നതും. ഷൂട്ട് തുടങ്ങും മുൻപെ, “മോനേ, കാൽ ഇവിടെ വരെ വരും, എന്റെ വെയിറ്റ് പ്രശ്നമാവുമോ?” എന്നൊക്കെ അദ്ദേഹം പറഞ്ഞു. “അത് സാരമില്ല ചേട്ടാ,” എന്നായി ഞാൻ. അദ്ദേഹത്തിന്റെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് എന്റെ കഴുത്തിനടുത്ത് തന്നെ എത്തി. എന്റെ ഈ പൊക്കത്തിന് അനുസരിച്ച് അദ്ദേഹത്തിന്റെ കാൽ എന്റെ നെഞ്ചിൽ വരണമെങ്കിൽ എന്തുമാത്രം ഫ്ളെകസിബിളാണ് അദ്ദേഹമെന്ന് ഓർത്തുനോക്കൂ,” കിച്ചു പറയുന്നു.