കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ച് ഒമിക്രോൺ: വൈറസ് വ്യാപനം തടയാൻ നടപടികളുമായി രാജ്യങ്ങൾ

November 28, 2021
474
Views

ലണ്ടൻ: ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയെന്ന് വിശേഷിപ്പിച്ച കൊറോണ വകഭേദം ഒമിക്രോൺ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ബെൽജിയത്തിന് പിന്നാലെ ജർമനിയിലും ഇറ്റലിയിലുമായി മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കേസുകൾ സ്ഥിരീകരിച്ച ബ്രിട്ടൻ കടുത്ത നടപടികളുമായി രംഗത്തെത്തി. ഇസ്രയേൽ രാജ്യാതിർത്തികൾ അടച്ചു. ബെൽജിയത്തിന് പിന്നാലെ ജർമനിയിൽ രണ്ടുപേരിലും ഇറ്റലിയിൽ ഒരാളിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളിലും ആശങ്ക ഏറുകയാണ്.

ജർമനിയിൽ സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേരിലും ഇറ്റലിയിൽ മൊസാംബിക്കിൽ നിന്നെത്തിയ യാത്രക്കാരനിലുമാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടനിലും രണ്ട് കേസുകൾ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ കടകളിലും പൊതുവാഹനങ്ങളിലും ബ്രിട്ടൻ വീണ്ടും മാക്സ് നിർബന്ധമാക്കി. 10 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ യാത്രാവിലക്കും ഏർപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കിൽ ഒരാളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു.

ഇസ്രയേലിൽ നിലവിൽ ഒരു കേസാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒമിക്രോൺ വകഭേദം ബാധിച്ചു എന്ന് സംശയിക്കുന്ന 7 കേസുകൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി നാഫ്റ്റലി ബെന്നറ്റ് പറഞ്ഞു. രാജ്യാതിർത്തികൾ അടച്ചതോടെ ഒമിക്രോൺ സ്ഥിരീകരണത്തിന് പിന്നാലെ കടുത്ത നടപടികൾ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ഇസ്രയേൽ മാറി. ഓസ്ട്രേലിയയിലും ഒമിക്രോൺ സാന്നിധ്യം സംശയിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ചിലരിൽ ഒമിക്രോൺ വകഭേദം ഉള്ളതായി സംശയിക്കുന്നുവെന്ന് ഡച്ച് സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം ഒമിക്രോൺ എത്തിയിട്ടുണ്ടാകാമെന്ന് അമേരിക്കയും പ്രതികരിച്ചു.

ആശങ്ക ഏറിയതോടെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് പല രാജ്യങ്ങളും. തെക്കൻ കൊറിയ, ശ്രീലങ്ക, തായ്‍ലൻഡ്, ഒമാൻ, ഹംഗറി, ഇന്തോനേഷ്യ, ടുണീഷ്യ എന്നിവർ പുതുതായി യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഓസ്ട്രിയയും സ്ലോവാക്യയും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ചതിന്റെ പേരിൽ തങ്ങളെ ശിക്ഷിക്കരുതെന്ന് യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു.

യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസുകൾ അടിയന്തരമായി നിയന്ത്രിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അപകടകാരിയായ പുതിയ വൈറസ് വകഭേദം ഇന്ത്യയിലെത്താതെ തടയാൻ സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ കത്തിൽ ആവശ്യപ്പെട്ടു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *