ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസ്: രാഹുല്‍ പശുപാലനും രശ്മി നായരും കോടതിയില്‍ ഹാജരായി

November 30, 2021
224
Views

തിരുവനന്തപുരം: മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതി വാറണ്ടില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസര്‍ഗോഡ് സ്വദേശി ജിന്റോയെ തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബര്‍ 10 വരെ റിമാന്റ് ചെയ്തു.

അന്വേഷണ ഘട്ടത്തില്‍ ജിന്റോയെ ലഭിക്കാത്തതിനാല്‍ ഇയാളെ ഒളിവിലിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒക്ടോബര്‍ 20 ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടിരുന്നു. നവംബര്‍ 27 ന് അറസ്റ്റ് ചെയ്ത ഇയാളുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കേസില്‍ അഞ്ചും ആറും പ്രതികളായ രാഹുല്‍പശുപാലനും രശ്മി നായരും തിങ്കളാഴ്ച കോടതിയില്‍ ഹാജരായി.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ശിരസ്തദാരോട് കോടതി ഉത്തരവിട്ടു. സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളും 2022 ജനുവരി 20 ന് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാകാത്ത പന്ത്രണ്ടാം പ്രതി എറണാകുളം സ്വദേശി ദിലീപ് ഖാനെ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടും ഉത്തരവിട്ടു. രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള എല്ലാ പ്രതികളെയും നവംബര്‍ 29 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച്‌ കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്‌ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31), ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30), പാലക്കാട് സ്വദേശി ആശിഖ് (34) മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍ (29) , കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21), വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31), താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30), എറണാകുളം സ്വദേശി ദിലീപ് ഖാന്‍ (31) , താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് (30) എന്നിവരാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍. ബാംഗ്‌ളൂരില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.

2015 ജനുവരി – നവംബര്‍ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകര്‍ഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈല്‍ (pedofile) പേജായ കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്‌മിന്‍ സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച്‌ ഫയല്‍ ക്ലോസ് ചെയ്തു.

എന്നാല്‍ രണ്ടാമത് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം 34 / 2015 നമ്ബരായി സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ‘ ഓപ്പറേഷന്‍ ബിഗ്ഡാഡി ‘ എന്ന പേരില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ‘ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ‘ (sexually frustrated Mallus) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാള്‍ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കില്‍ പെട്ടെന്ന് ആവിര്‍ഭവിച്ച്‌ പൊന്തി വന്ന ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 – ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തല്‍) , 370 (1) ( പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച്‌ പെണ്‍വാണിഭം നടത്തല്‍) , 212 (കുറ്റക്കാരെ ഒളിവില്‍ പാര്‍പ്പിക്കല്‍) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ (ലൈംഗിക കുറ്റ കൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവര്‍ത്തനം (തടയല്‍) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.2019 നവംബര്‍ 23 നാണ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *