ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി (66) അന്തരിച്ചു. ശ്വാസകോശ അർബുദത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ന്യുമോണിയ ബാധിതനായതിനെത്തുടർന്ന് നവംബർ 24നാണ് ശാസ്ത്രിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
1986ൽ കെ വിശ്വനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ സിരിവെന്നല എന്ന ചിത്രത്തിലെ ഗാനമാണ് ശാസ്ത്രിയെ പ്രശസ്തനാക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ വിജയമായതോടെ സിരിവെണ്ണല എന്ന പേരും ശാസ്ത്രി തന്റെ പേരിനൊപ്പം ചേർത്തു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ചു. പതിനൊന്നോളം നന്ദി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2019ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
എസ് എസ് രാജമൗലി ചിത്രം ‘ആർആർആറി’ന് വേണ്ടിയാണ് അവസാനം വരികളെഴുതിയത്.