മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുന്നു: കെഎം ഷാജി

December 10, 2021
108
Views

കോഴിക്കോട്: മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാജി. എന്തെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണ്.

തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഇവിടെ നിന്നൊക്കെ ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോയ മുസ്ലിം കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ മതത്തില്‍ നിന്നും കൂടിയാണ് വിട്ടുപോയതെന്നും ഷാജി പറഞ്ഞു.

ഈ സാഹചര്യം അനുവദിക്കരുത്. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചുപോകുകയാണ് ചെയ്തിരിക്കുന്നത്. തെക്കന്‍ ജില്ലകളിലെ ഈഴവര്‍ മുന്നേറിയപ്പോള്‍ വടക്കന്‍ ജില്ലകളിലെ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നും ഷാജി പറഞ്ഞു.

അധികാരത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തോട് ചൊറിച്ചിലാണ്. സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യ നിനിതക്ക് ജോലി ലഭിച്ചത് മുസ്ലിം ലീഗ് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്. നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് പി എസ് സി. വഖഫ് പ്രശ്‌നം സമുദായത്തിന്റെ മൊത്തം പ്രശ്‌നമാണ്.

സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലീഗിന്റെ പതാകക്ക് കീഴില്‍ നിന്ന് മുജാഹിദിനെയും സുന്നിയെയും വേര്‍തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാര്‍ക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസ്സിലാക്കാനായി. ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ലീഗിന് ആഘാതമായിരുന്നു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *